150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം:ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.

ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും, 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ച്.ലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു എന്നത് കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ തന്നെ ഒരു നാഴികക്കല്ലാണ്. ഇതേതുടര്‍ന്ന് രണ്ടാം ഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനായി രൂപീകരിച്ച ഡോക്യുമെന്റേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്താദ്യമായി തയ്യാറാക്കിയ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്കായുള്ള എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ഇംപ്ലിമെന്റേഷന്‍ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *