‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ഒന്നും സംഭവിക്കില്ല’: മുകേഷ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ ഒന്നും സംഭവിക്കില്ലെന്നും നടനും എംഎൽഎയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് പറഞ്ഞു.

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താന്‍ എതിരല്ലെന്ന് നടി രഞ്ജിനി പറഞ്ഞു. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇത്ര വലിയ സംഭവങ്ങളുണ്ടാകുമ്പോള്‍ അത് പരിശോധിക്കാന്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും രഞ്ജിനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *