‘ഹാൻഡ്ബോളിലെ സ്വര്‍ണം ഡീലാക്കി; പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം’: രൂക്ഷ മറുപടിയുമായി കായിക മന്ത്രി

കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാറിന്‍റെ ആരോപണങ്ങളിൽ മറുപടിയുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി.

ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നും വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്‍റാണെന്നും മന്ത്രി പറഞ്ഞു. ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓർക്കണം. കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നിൽ ഒളിമ്പിക്സിന്‍റെ കേരളത്തിൽ നിന്നുള്ള ദേശീയ പ്രസിഡന്‍റും സംസ്ഥാന പ്രഡിഡന്‍റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചു.

ഹാൻഡ് ബോൾ നടക്കുന്നതിന് മുമ്പ് സ്വർണം ഇത്തവണ ഹരിയാനക്ക് കൊടുക്കണമെന്ന് സംഘടനകള്‍ പറഞ്ഞു. നിങ്ങൾ സിൽവർ കൊണ്ട് തൃപ്തിപ്പെടണമെന്നും പറഞ്ഞു. മത്സരത്തിന് മുമ്പ് സ്വർണ്ണ മെഡൽ കോമ്പ്രമൈസാക്കി. ഇതൊക്കെ നോക്കാനല്ലേ ഒളിമ്പിക്സ് ദേശീയ അധ്യക്ഷനെയും സംസ്ഥാന അധ്യക്ഷനെയും സർക്കാർ പണം മുടക്കി അങ്ങോട്ട് അയച്ചതെന്നും എന്തുകൊണ്ട് നമുക്ക് അതിൽ സ്വർണ്ണം നഷ്ടമായെന്നും മന്ത്രി ചോദിച്ചു.

മോശം പ്രകടനമായിരിക്കും ഇത്തവണ ഉണ്ടാവുക എന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നും മന്ത്രി തുറന്നടിച്ചു. ഓരോ വർഷവും 10 ലക്ഷം രൂപ വെച്ച് ഈ അസോസിയേഷനുകൾക്ക് കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ പണം ഉപയോഗിച്ച് ചെയ്യുന്നത് മറ്റെന്തോ അല്ലേ? വിമർശിച്ചോളു. പക്ഷെ വിമർശിക്കുന്നയാള്‍ അത് പറയാൻ പ്രാപ്തനാകണം. അങ്ങാടിപ്പിള്ളേർ പറയുന്നത് പോലെ ഈ വക കാര്യങ്ങൾ പറയുന്നത് നിർത്തുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.

കായിക മന്ത്രി വി അബ്ദുറഹിമാൻ വട്ടപ്പൂജ്യമാണെന്നായിരുന്നു കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാറിന്‍റെ വിമര്‍ശനം. സംസ്ഥാന ചരിത്രത്തിലാദ്യമായി കായികവകുപ്പിന് മാത്രമായി ഒരു മന്ത്രി ഉണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിൽ ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും സുനിൽകുമാർ പറഞ്ഞിരുന്നു. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി കേരളം ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെടാതെ പോയതിന് പിന്നാലെയാണ് രൂക്ഷവിമർശനം.

Leave a Reply

Your email address will not be published. Required fields are marked *