ഹണിട്രാപ്പ് പച്ചക്കള്ളമെന്നും തെളിവെടുപ്പിനിടെ ഫര്‍ഹാന

താന്‍ ആരെയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലക്കേസിലെ പ്രതി ഫര്‍ഹാന. സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും ഷിബിലിയാണ് എല്ലാം ചെയ്തതെന്നും ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞു. ചെര്‍പ്പുളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഫര്‍ഹാനയുടെ പ്രതികരണം.

”ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നത് ശരിയാണ്. അവര്‍ തമ്മില്‍ കലഹമുണ്ടായി. അപ്പോള്‍ ഞാന്‍ റൂമിലുണ്ടായിരുന്നു. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണ്. ഞാന്‍ അയാളുടെ കൈയില്‍നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ല. ഇത് ഇവന്റെ പ്ലാനാണ്, ഇവന്‍ എന്തോ ചെയ്തു. ഞാന്‍ കൂടെയുണ്ടായിരുന്നുവെന്ന് മാത്രം” പോലീസ് വാഹനത്തിലിരുന്ന് ഫര്‍ഹാന പറഞ്ഞു.

കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച കേസില്‍ മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായാണ് പോലീസ് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയത്. മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിലായിരുന്നു പ്രതികളുമായി ആദ്യം തെളിവെടുപ്പ് നടന്നത്. മൃതദേഹം ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് പ്രതികള്‍ പോലീസിനോട് വിശദമായി പറഞ്ഞു. തുടര്‍ന്ന് ഇവിടെ പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ മൊബൈല്‍ഫോണും കണ്ടെടുത്തു.

അട്ടപ്പാടിയിലെ തെളിവെടുപ്പിന് ശേഷം ചെര്‍പ്പുളശ്ശേരി ചളവറയിലെ ഫര്‍ഹാനയുടെ വീട്ടിലാണ് തെളിവെടുപ്പ് നടന്നത്. മൃതദേഹം ഉപേക്ഷിച്ചശേഷം ഫര്‍ഹാനയെ ഷിബില്‍ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. സംഭവസമയം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫര്‍ഹാനയുടെ ബാഗിലായിരുന്നു. ഈ വസ്ത്രങ്ങള്‍ വീടിന് പിറകുവശത്തുവെച്ച് കത്തിച്ചുകളഞ്ഞെന്നായിരുന്നു ഫര്‍ഹാനയുടെ മൊഴി. ഇവിടെ പോലീസ് നടത്തിയ തെളിവെടുപ്പില്‍ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *