സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 440 രൂപയാണ് സ്വർണവില കൂടിയത്. ഗ്രാമിന് 55 രൂപയുടെ വർധനവാണ് ഉണ്ടായത്.ഇതോടെ ഒരു പവന് 64,960 രൂപയായി. അന്താരാഷ്ട്ര സ്വർണ വില 2944 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.10 ആണ്.
18 കാരറ്റ് സ്വർണ വില 6680 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.സാധാരണ നിലയില്‍ നവംബർ മുതല്‍ ഫെബ്രുവരി വരെ സ്വർണ വില കയറ്റമുണ്ടാകുകയും, മാർച്ച് മാസത്തില്‍ വില കുറയുന്ന പ്രവണതയുമാണ് കണ്ടുവന്നിരുന്നത്.
എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനു ശേഷം സ്വർണ വില വർധനവ് തുടരുകയാണ്. ട്രംപിന്റെ വ്യാപാര യുദ്ധവും, താരിഫ് ചുമത്തലും, അതില്‍ നിന്നുള്ള ആശങ്കകളും, ഭൗമരാഷ്ട്ര സംഘർഷങ്ങളും സാമ്ബത്തിക മാന്ദ്യത്തിനും ഇടയില്‍ സ്വർണവില ഉയരുകയാണ് ഉണ്ടായത്. ഈ വർഷം അമേരിക്ക പലിശ നിരക്ക് 2 തവണ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയ്ക്ക് ഉത്തേജനം നല്‍കുന്നത്.
ജ്വല്ലറികളില്‍ ആഭരണങ്ങള്‍ വാങ്ങാനെത്തുന്നവർ കുറഞ്ഞെങ്കിലും ഇനിയും സ്വർണ വില ഉയരുമെന്ന് തന്നെയാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. ഫെബ്രുവരി 25 ന് 64,600 എന്ന റെക്കോർഡ് വിലയിലായിരുന്നു വ്യാപാരം.