സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

 സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും.

സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിൽ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത കുറവ്, പാരിസ്ഥിക പ്രശ്നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്ലറികളിൽ സ്പിരിറ്റ് ഉൽപ്പാദനത്തിന് തടസ്സമായി നിൽക്കുന്നത്. മദ്യനയം സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ ശുപാർശ ചെയ്താലുംകടമ്പകൾ ഇനിയും ബാക്കിയാണ്.  

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറ്റ് സംസ്ഥാനങ്ങളിലേക്കും, വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നതിലൂടെ സംസ്ഥാന സർക്കാരിനുള്ള നികുതിവരുമാനമാണ് ലക്ഷ്യവയ്ക്കുന്നത്. നിലവിൽ ചില ബ്രാൻറുകള്‍ മാത്രമാണ് കയറ്റി അയക്കുന്നത്. കയറ്റുമതി പ്രോത്സാഹിപ്പിക്കണമെങ്കിൽ നിലവിൽ മദ്യ ഉൽപ്പാദനം വർദ്ധിപ്പിക്കണം. ഒപ്പം കൂടുതൽ ഡിസ്ലറികള്‍ക്ക് അനുമതി നൽകേണ്ടിയും വരും.

ഒന്നാം പിണറായി സ‍ർക്കാരിന്റെ കാലത്ത് ബ്രുവറിയും ഡിസ്ലറികളും അനുവദിച്ചത് വിവാദമായതോടെ പിൻവലിച്ചിരുന്നു. മദ്യ ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ തീരുമാനമെടുത്താൻ പുതിയ ഡിസ്ലലറികളെ കുറിച്ചുള്ള ചർച്ചകളും ആരംഭിക്കുമെന്നാണ് സൂചന. ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നൽകുന്നതാണ് മറ്റൊരു നിർദ്ദേശം. ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കള്ള് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കും. വ്യാജ കള്ള് തടയാനാണിത്. ഷാപ്പുകളെല്ലാം ആധുനികവത്ക്കരിക്കും ടൂറിസവുമായി സഹരിച്ച് പുതിയ പദ്ധതികള്‍ തയ്യാറാക്കും.

പഴവ‍ർഗങ്ങളിൽ നിന്നും കർഷക സംഘങ്ങള്‍ ഉൽപ്പാദിപ്പിക്കുന്ന വീഞ്ഞ് ബെവ്ക്കോ വഴി വിൽക്കും. ബാ‍ർ ലൈസൻസ് ഫീസ് വ‍ർദ്ധിപ്പിക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. പബുകളും, നെറ്റ് ക്ലബുകളും അനുവദിക്കുന്നതിൽ ചർച്ച വന്നുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നി‍ർദ്ദേശങ്ങള്‍ നടപ്പാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഒരുവശത്ത് ഉല്പാദനം കൂട്ടുമ്പോൾ മറുവശത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താനും നയത്തിൽ നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർ‍ഡ്-തദ്ദേശ തലത്തിലുമുണ്ടാക്കി ജാഗ്രത സമിതികളുടെ പ്രവർത്തനം സ്ഥിരമായി സോഷ്യൽ ഓഡിറ്റ് നടത്തും സ്ഥിരം ലഹിരകടത്തുകാരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികള്‍ വ‍‍ർദ്ധിപ്പിക്കും. 

Leave a Reply

Your email address will not be published. Required fields are marked *