സോളാർ കേസ്; കത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം ഉണ്ടായിരുന്നില്ല; ശരണ്യ മനോജ്

സോളാർ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം ഇല്ലായിരുന്നുവെന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്. ആർ. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ വിഷയത്തിൽ ഇടപെട്ടത്. ഗണേഷ്‌കുമാറിന്റെ സഹായിയായിരുന്ന പ്രദീപാണ് കത്ത് കൈപ്പറ്റിയതെന്നും ശരണ്യ മനോജ് പറഞ്ഞു. ഇതും ആർ. ബാലകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടതിനെത്തടുർന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദല്ലാൾ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് കൈമാറുന്നത്. രണ്ടോ മൂന്നോ ഭാഗമായാണ് കത്ത് ലഭിക്കുന്നത്. കത്തിലെ മറ്റ് പരാമർശങ്ങളെക്കുറിച്ച് പറയാൻ ഇപ്പോൾ തയ്യാറല്ല. എന്നാൽ, ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാരോപണം അതിൽ ഇല്ലായിരുന്നുവെന്നും ശരണ്യ മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

കെ.ബി. ഗണേഷ്‌കുമാർ കത്തുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടില്ല. കേസിൽ ഗണേഷ്‌കുമാർ ഉമ്മൻചാണ്ടിക്ക് അനുകൂലമായി മൊഴികൊടുത്തു എന്നാണ് താൻ മനസിലാക്കുന്നത്. മൊഴികൊടുക്കാൻ പോയപ്പോൾ സി.ബി.ഐ. അങ്ങനെയാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ പേരിൽ ആക്ഷേപം വരുന്നത് എന്താണെന്ന് മനസിലാവുന്നില്ല. യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ഈ കത്ത് കിട്ടുന്നതിനായി ദല്ലാൾ നന്ദകുമാർ ഒരുപാട് പരിശ്രമം നടത്തിയിരുന്നതായി തനിക്കറിയാം. ഉമ്മൻചാണ്ടി സാറിനെതിരെ അനാവശ്യമായ ആരോപണം അതിലുണ്ടായി എന്നതിൽ വേദനയുണ്ട്. സോളാർ കമ്മിഷന് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *