സൈബർ കേസ് ഇനി എല്ലാ സ്റ്റേഷനിലും; ലോക്കൽ സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ചു കേസെടുക്കണമെന്നു ഡിജിപി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളിൽ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി സ്വീകരിച്ചു കേസെടുക്കണമെന്നു ഡിജിപിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം കൈമാറി. ഡിജിപി വിളിച്ചു ചേർത്ത ക്രൈം അവലോകന യോഗത്തിൽ ജില്ലാ പൊലീസ് മേധാവികൾക്ക് കേസിന്റെ രീതികൾ വിവരിച്ചു.

നേരത്തേ ഏതു പൊലീസ് സ്റ്റേഷനിൽ വരുന്ന പരാതിയും സൈബർ പൊലീസ് സ്റ്റേഷനിലേക്കയച്ച് അവിടെയായിരുന്നു കേസെടുത്തിരുന്നത്. സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഒരു  ജില്ലയിൽ ഒരെണ്ണമാണുള്ളത്. ഇവിടേക്ക് എല്ലാ പരാതികളും വന്നതോടെ ജോലി കൂടുതലായി. മാത്രമല്ല സൈബർ സ്റ്റേഷനിൽ പരാതിപ്പെടണമെന്നു പറഞ്ഞു കയ്യൊഴിയുന്നതായി  പരാതികളുയരുകയും ചെയ്തു. 

തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെന്റർ (ഐ 4 സി)എന്ന ഓപ്പറേഷൻ വിഭാഗത്തിന്റെ നമ്പറാണിത്. നഷ്ടപ്പെട്ട ഉടനെ വിളിച്ചാൽ പണം തിരിച്ചുപിടിക്കാൻ ഈ കൺട്രോൾ റൂം വഴി സാധിക്കും. അതിനു ശേഷം ലോക്കൽ പൊലീസിൽ കേസെടുക്കും. കേസെടുത്തെങ്കിൽ മാത്രമേ ഈ പണം തിരികെ ലഭിക്കുന്നതിനു നടപടിക്രമം പൂർത്തിയാക്കാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *