സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ല; ഗവർണറോട് വിട്ടുവീഴ്ച ഇല്ലെന്ന് സി.പി.എം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ല. സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന പ്രമേയത്തിൽ ഉറച്ചു നിൽക്കാനും സിപിഎം വിളിച്ച കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ യോഗത്തിൽ തീരുമാനമായി.

രാവിലെ പത്ത് മണിക്ക് സെനറ്റ് യോഗം ചേരുന്നതിന് മുന്നോടിയായി തന്നെ സി.പി.എമ്മിന്റെ സെനറ്റ് അംഗങ്ങളെയെല്ലാം എ.കെ.ജി സെന്റ്റിലേക്ക് വിളിച്ചുവരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിച്ചിരുന്നു. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനപ്പരിശോധിക്കുന്നതിനായാണ് പ്രത്യേക സെനറ്റ് യോഗം ചേരുന്നത്. ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ആഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയത്. രണ്ടുപേരെ മാത്രം ഉൾക്കൊള്ളിച്ചു രൂപീകരിച്ച കമ്മിറ്റി റദ്ദാക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉന്നയിച്ചു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനപ്പരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിനാണ് ഇന്ന് പ്രത്യേക യോഗം ചേരുന്നത്.

ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ പശ്ചാത്തലത്തിൽ പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിനും ക്ഷീണമുണ്ടാക്കും. അതിനാൽ പ്രമേയം പിൻവലിച്ച് പ്രതിനിധിയെ നൽകേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *