സെയിൻ ഹോട്ടൽ ആറുമാസം മുൻപ് അടപ്പിച്ചിരുന്നു; സാംപിളിനെത്തിയപ്പോൾ മയൊണൈസ് വിറ്റു തീർന്നെന്ന് ഉടമ

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീ മരിച്ചതോടെ ഭക്ഷണം വാങ്ങിയ സെയിൻ ഹോട്ടലിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്ത്. സെയിൻ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് നേരത്തേയും ഭക്ഷ്യവിഷബാധയേറ്റിരുന്നതായി സ്ഥലം എംഎൽഎ ഇടി ടൈസൺ പറഞ്ഞു. ആറുമാസം മുൻപ് രണ്ട് പേർക്ക് ഭക്ഷ്യവിഷ ഉണ്ടായെന്നും തുടർന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി പിഴ ഈടാക്കി ഹോട്ടൽ പൂട്ടിച്ചതായും അദ്ദേഹം അറിയിച്ചു.

‘ഇപ്പോഴുണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം മയോണൈസോ കോഴി ഇറച്ചിയോ ആണ് എന്നാണ് സംശയം. പരിശോധനാ ഫലം വന്നാലേ ഈ കാര്യത്തിൽ വ്യക്തത വരൂ. നിലവിൽ ആശുപത്രിയിലുള്ളവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. ഏകദേശം 30 കിലോ അരിയുടെ കുഴിമന്തിയാണ് ഭക്ഷ്യവിഷബാധയുണ്ടായ ദിവസം ഹോട്ടലിൽ പാകം ചെയ്തത്’, എംഎൽഎ വ്യക്തമാക്കി.

സെയിൻ ഹോട്ടലിൽ കഴിഞ്ഞദിവസമുണ്ടായ ഭക്ഷ്യവിഷബാധയിൽ 178 പേരാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായാംമരക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ചൊവ്വാഴ്ച മരിച്ചത്. ശനിയാഴ്ച രാത്രിയാണ് പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടിലുള്ള മറ്റ് മൂന്നുപേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴും നുസൈബക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ തിങ്കളാഴ്ച രാവിലെയോടെ ശാരീരിക അസ്വസ്ഥതകൾ തോന്നിയ നുസൈബയെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സ്ഥിതി മോശമായതിനെ തുടർന്ന് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്കും വൈകീട്ട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ പുലർച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്.

ഉസൈബയുടെ മരണകാരണം മുട്ട ചേർത്ത മയൊണൈസ് ആണെന്നാണു സൂചന. കുഴിമന്തിക്കൊപ്പം മയൊണൈസ് നൽകിയിരുന്നു. നേരത്തേയുണ്ടാക്കിയ മയൊണൈസ് തീർന്നപ്പോൾ മുട്ട ചേർത്തുണ്ടാക്കിയെന്നാണു വിവരം. സാംപിൾ തേടി അധികൃതർ എത്തിയപ്പോൾ, എല്ലാം വിറ്റു തീർന്നെന്നാണു ഹോട്ടലുടമ പറഞ്ഞത്. അതിനാൽ സാംപിൾ എടുക്കാനോ പരിശോധിക്കാനോ സാധിച്ചില്ല. മുട്ട ചേർത്തുള്ള മയൊണൈസിന്റെ ഉൽപാദനവും വിൽപനയും 2023 ജനുവരിയിൽ നിരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *