‘സി.കെ.ശശീന്ദ്രൻ കൽപ്പറ്റ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി’; സിദ്ധാർത്ഥിന്റെ മരണത്തിൽ ചെന്നിത്തല

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിന് എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല. മുൻ എംഎൽഎ സി.കെ.ശശീന്ദ്രനും സിപിഎം നേതാക്കളും നിഷ്പക്ഷമായി കേസ് അന്വേഷിക്കാൻ ശ്രമിച്ച കൽപ്പറ്റ ഡിവൈഎസ്പിയെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്നു ചെന്നിത്തല പറഞ്ഞു. പൂക്കോട് എസ്എച്ച്ഒ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ച കേസാണ് ഡിവൈഎസ്പി അന്വേഷിച്ചപ്പോൾ പുരോഗമനമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

‘സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചു. കൊലപാതകത്തിന് ഇപ്പോഴും കേസെടുത്തിട്ടില്ല. 306 അനുസരിച്ചാണ് കേസ് എടുത്തത്. പ്രതികളെ മുഴുവൻ കൽപ്പറ്റയിലെ സിപിഎം ഓഫിസിൽ സംരക്ഷിച്ചു. എസ്എഫ്‌ഐയുടെ മേൽവിലാസത്തിൽ ക്യാംപസിൽ തേർവാഴ്ച നടത്തുകയാണ്. അതിന് സിപിഎം അനുകൂല അധ്യാപകരുടെ പരസ്യപിന്തുണയുമുണ്ട്. വെറ്ററിനറി കോളജിലെ ഡീൻ ഡോ.എം.കെ. നാരായണന് ഈ കാര്യമെല്ലാം അറിയാമായിരുന്നെന്നാണു വിദ്യാർഥികൾ വെളിപ്പെടുത്തുന്നത്. ഡീനിനെ രക്ഷപ്പെടുത്താൻ മന്ത്രി ചിഞ്ചുറാണി ശ്രമിക്കുകയാണ്. സിപിഐ അനുഭാവമുള്ള സംഘടനയിൽപ്പെട്ട ആളാണ് ഡീൻ നാരായണൻ. ഡീൻ നാരായണന് ഇതിനകത്തുള്ള ഉത്തരവാദിത്തം കൂടി തെളിയേണ്ടിയിരിക്കുന്നു. കോളജിൽ ഇടിമുറിയുണ്ടെന്നാണു വിവരം.’ ചെന്നിത്തല വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *