സിൽവർ ലൈൻ ഉപേക്ഷിക്കാതെ സർക്കാർ

സിൽവർ ലൈൻ നടപടി ഉപേക്ഷിക്കാതെ സംസ്ഥാന സർക്കാർ. സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. നിലവിലെ ഏജൻസികളെ ഉപയോഗിച്ച് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കമെന്നാണ് ചട്ടം. കഴിഞ്ഞ മാസം സമയ പരിധി അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് നിയമോപദേശം തേടിയത്. പിന്നാലെ സർവ്വേ തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സർവ്വേയിൽ നിന്നും സർക്കാർ പിന്മാറിയത്. ജിപിഎസ് സർവ്വേയും ജിയോ ടാഗിംഗുമാണ് പകരം പറഞ്ഞത്. അതും ഒന്നുമായില്ല. ആകെ നടന്നത് കെ റെയിലിൻറെ ഓൺലൈൻ സംവാദങ്ങൾ മാത്രമാണ്.

സ്ത്രീകളെയും കുട്ടികളെയും അടക്കം ബലം പ്രയോഗിച്ച് മാറ്റിയുള്ള സർവ്വേ വലിയ പ്രക്ഷോഭത്തിലേക്ക് മാറുമ്പോഴൊക്കെ പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും ചോദിച്ചത് കേന്ദ്രാനുമതി കിട്ടിയിട്ട് പോരെ ഇതെല്ലാം എന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും സാമൂഹിക ആഘാത പഠനം തുടരാൻ ഒരുങ്ങുകയാണ് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *