സിപിഐ സംസ്ഥാന കൗൺസിൽ; പ്രമുഖർക്ക് തോൽവി, ബിജിമോൾ സംസ്ഥാന കൗൺസിലിൽ നിന്ന് പുറത്ത്

സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർക്ക് തോൽവി. മുൻ ജില്ലാ സെക്രട്ടറി പി രാജു, എ എൻ. സുഗതൻ, എം. ടി. നിക്‌സൺ, ടി. സി സഞ്ജിത്ത് എന്നിവർക്കാണ് തോൽവി. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗ പട്ടികയിൽ എം എൽ എ ജി. എസ് ജയലാലിനെ ഉൾപ്പെടുത്തിയില്ല. സഹകരണ ആശുപത്രി വിവാദത്തിൽ നേരത്തെ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്താക്കിയിരുന്നു. ഇത്തവണ തിരിച്ചെടുക്കാതെ ജയലാലിനെ ഒഴിവാക്കുകയായിരുന്നു.

ഇടുക്കിയിൽ നിന്നും സംസ്ഥാന കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുൻ എം എൽഎ ഇ എസ് ബിജിമോളെ ഒഴിവാക്കി. സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താൻ തയ്യാറാകാതിരുന്ന ഇടുക്കി ജില്ല ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയിരുന്നു.പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമർശനം.

അതേ സമയം, സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി ദിവാകരന് തിരിച്ചടി നേരിട്ടു. 75 വയസ്സെന്ന ഉയർന്ന പ്രായപരിധി നടപ്പാക്കാൻ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെയാണിത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *