സിനിമാ-സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമ, സീരിയൽ താരം മീന ഗണേഷ് (82)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് മീന ഗണേഷ് അരങ്ങേറ്റം കുറിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,​ വാൽക്കണ്ണാടി,​ നന്ദനം,​ മീശമാധവൻ,​ പുനരധിവാസം തുടങ്ങിയ ഓട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമാ നാടക നടൻ എ എൻ ഗണേശിന്റെ ഭാര്യയാണ്.

1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷ് ജനിച്ചത്. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെപി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്.

1976ൽ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമ രംഗത്ത് ശ്രദ്ധ നേടിയത്. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ. ബിന്ദു മനോജ്, സംഗീത ഉണ്ണി കൃഷ്ണൻ എന്നിവരാണ് മരുമക്കൾ. സംസ്കാരം വെെകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.

Leave a Reply

Your email address will not be published. Required fields are marked *