സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് സജി ചെറിയാന്‍; ചർച്ചയ്ക്ക് തയ്യാറെന്ന് ഫിലിം ചേംബർ

സിനിമാ സമരവുമായി മുന്നോട്ട് പോകരുതെന്ന് ഫിലിം ചേംബറിനോട് മന്ത്രി സജി ചെറിയാന്‍. സമരം ചെയ്യരുതെന്നും പ്രശ്ന വിഷയങ്ങളില്‍ ചര്‍ച്ചയാവാമെന്നും മന്ത്രി സംഘടനയെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെങ്കിൽ ചർച്ചയ്ക്ക് തയ്യാറെന്നതാണ് ഫിലിം ചേമ്പറിന്‍റെ നിലപാട്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അതേസമയം നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാര്‍ച്ച് 25 ന് മുന്‍പ് നടത്തുമെന്നും എമ്പുരാന്‍ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. മാര്‍ച്ച് 27 നാണ് മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍ സിനിമയുടെ റിലീസ്. 

ജൂണ്‍ 1 മുതല്‍ സിനിമാ മേഖല സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം നടത്തുമെന്ന, നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെ വാര്‍ത്താ സമ്മേളനത്തോടെയാണ്  സിനിമാ മേഖലയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പുകഞ്ഞ് തുടങ്ങിയത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം ഉള്‍പ്പെടെ നിര്‍മ്മാതാക്കളെ പിന്നോട്ടടിക്കുകയാണെന്നും മലയാള സിനിമയുടെ കൊട്ടിഘോഷിക്കപ്പെട്ട 100 കോടി ക്ലബ്ബുകളും മറ്റും വാസ്തവ വിരുദ്ധമാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചിരുന്നു. പ്രസ്തുത വാര്‍ത്താ സമ്മേളനത്തില്‍ മലയാള സിനിമകളുടെ വര്‍ധിച്ചുവരുന്ന ബജറ്റ് ഉദാഹരിക്കാനായി എമ്പുരാന്‍ സിനിമയുടെ ബജറ്റാണ് സുരേഷ് കുമാര്‍ ഉയര്‍ത്തിക്കാട്ടിയത്. 

എന്നാല്‍ താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് സുരേഷ് കുമാറിന് എങ്ങനെ അറിയാമെന്ന് ചോദിച്ചുകൊണ്ട് പരസ്യ വിമര്‍ശനവുമായി ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ആന്‍റണിയെ പിന്തുണച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും രംഗത്തെത്തി. രൂക്ഷമാവുന്ന തര്‍ക്കം പരിഹരിക്കാന്‍ ഫിലിം ചേംബര്‍ ആണ് മുന്നിട്ടിറങ്ങിയത്. പിന്നാലെ സുരേഷ് കുമാറിനെതിരായ പോസ്റ്റ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. എമ്പുരാന്‍ തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്‍റ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *