സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളത്; സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്: ഹൈക്കോടതി

നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

സിദ്ദിഖ് സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ സിദ്ദിഖിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അനാവശ്യമാണെന്നും നിശബ്ദയാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന് ഇരയായി എന്നതുകൊണ്ട് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. അത് അവർ അതിജീവിച്ചു എന്നതാണ് പരിഗണിക്കേണ്ടതെന്നും ഹൈക്കോടതി വിലയിരുത്തി. സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിശബ്ദതയിലാണ് കോടതി വിമർശനമുന്നയിച്ചത്.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. നടൻ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്.

സിനിമാ ചർച്ചയ്ക്കായി മാസ്‌കോട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. പരാതിക്കാരിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, ഒരു ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂ ഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഈ സമയം മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു. അവിടെ നിന്ന് ഒരുവിധത്തിൽ രക്ഷപെടുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *