സതീശൻ പാച്ചേനിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണി വരെ മൃതദേഹം കണ്ണൂർ ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും.

11.30 ന് പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി സി.സി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയ നേതാക്കൾ ചടങ്ങകളിൽ പങ്കെടുക്കും. ഇന്നലെ രാവിലെയായിരുന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സതീശൻ പാച്ചേനിയുടെ അന്ത്യം.

പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 19 നാണ് പാച്ചേനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാച്ചേനിയിലെ തറവാട്ടു വീട്ടിലും തളിപ്പറമ്പ് കോൺഗ്രസ്സ് ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നൂറു കണക്കിന് പേരാണ് അന്ത്യഞ്ജലി അർപ്പിക്കാൻ എത്തിയത്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്, കെ.പി.സി.സി ജോ. സെക്രട്ടറി, കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് എന്നീ നിലകളിൽ സതീശൻ പാച്ചേനി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും നിയമ സഭയിലേക്ക് മത്സരിച്ചു. പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു. അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ നേതാവായിരുന്നു പാച്ചേനി. 

Leave a Reply

Your email address will not be published. Required fields are marked *