സജീവമായി നിന്ന ഒന്നുരണ്ടു നേതാക്കന്മാരെ കഴിഞ്ഞ കുറേ ദിവസങ്ങളായി കാണാനേയില്ല; സി.പി.എം കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയാകുന്നത് ഇ.പി. ഉൾപ്പടെയുള്ളവരെ അസ്വസ്ഥരാക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ

കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയായി സി.പി.എം. രൂപാന്തരപ്പെടുന്നത് യഥാർഥ പ്രവർത്തകരെയും നേതാക്കന്മാരെയും അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഇ.പി. ജയരാജൻ്റെ വെളിപ്പെടുത്തലിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി വോട്ടു പിടിച്ചിരുന്നെങ്കില്‍ ആര്‍ക്കും അസ്വാരസ്യവും അസ്വസ്ഥതയുമുണ്ടാകില്ലായിരുന്നു. സ്ഥാനാര്‍ഥി ആരോ ആയിക്കൊള്ളട്ടെ. ഇതിന്റെ പ്രശ്‌നം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ആളെ സഹായിക്കാന്‍ കമ്മ്യൂണിസ്റ്റ് ജനത പാര്‍ട്ടിയായി രൂപാന്തരപ്പെടുന്നു. അതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും ഉള്‍കൊള്ളാനാകുന്നില്ല. ഇ.പി. ജയരാജനെ വിടൂ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സജീവമായി നിന്ന ഒന്നുരണ്ടു നേതാക്കന്മാരെ കഴിഞ്ഞ കുറേ ദിവസങ്ങളായി കാണാനേയില്ല.

സന്ദീപ് വാര്യര്‍ക്ക് സംരക്ഷണം കൊടുക്കുമെന്ന് എ.കെ. ബാലന്‍ പറയുന്നു. ഇപ്പോൾ ഇ.പി. ജയരാജന് സംരക്ഷണം ഒരുക്കുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. സി.പി.എമ്മുകാരുടെ സംരക്ഷകര്‍ ആര്‍.എസ്.എസും ആര്‍.എസ്.എസിന്റെ സംരക്ഷകര്‍ സി.പി.എമ്മുമാണെന്ന് ഈ തിരഞ്ഞെടുപ്പോടെ ജനങ്ങള്‍ക്ക് മനസ്സിലായി. വര്‍ഗീയതയ്ക്ക് എതിരായ കാവല്‍നില്‍പ് ഞങ്ങളേറ്റെടുത്തുകൊള്ളാം. പുസ്തകം ഇറങ്ങട്ടെ. അദ്ദേഹത്തിന്റെ ആത്മകഥ ഉറപ്പായും വായിക്കും. സി.പി.എം. – ആർ.എസ്.എസ്. ബാന്ധവത്തിന്റെ കഥകള്‍ തുറന്നെഴുതുകയാണെങ്കില്‍ അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടാകും- രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *