പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനുമായി നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന്, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് വൈകിട്ട് 4 മണിക്ക് മോക് ഡ്രിൽ സംഘടിപ്പിക്കും.കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണ് രാജ്യത്തുടനീളം ഇന്ന് മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. യുദ്ധസാഹചര്യമുണ്ടായാൽ ജനങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ദേശീയതല മുന്നൊരുക്കത്തിന്റെ ഭാഗമായാണിത്.
ഓരോ ജില്ലകളിലും ജില്ലാ കളക്ടർമാർക്കാണ് ഡ്രിലിനുള്ള ചുമതല. പൊതുജനങ്ങൾ സഹകരിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു.
മോക് ഡ്രിലിന്റെ ഭാഗമായി മുന്നറിയിപ്പായി സൈറൺ മുഴങ്ങും. അതിന് മുമ്പ് ഡ്രിൽ സംബന്ധിച്ച അറിയിപ്പുകൾ മൊബൈൽ ഫോണുകളിലൂടെയും ലഭ്യമാക്കും.
പോലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ, ഫയർഫോഴ്‌സ്, ദുരന്തനിവാരണ വിഭാഗങ്ങൾ എന്നിവയും ഡ്രിലിൽ പങ്കാളികളാകും.സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങൾ വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനുമാണ് ഡ്രിൽ നടത്തുന്നത്.