സംസ്ഥാനത്ത് പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കും.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താവുന്നതാണ്. കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബര്‍ ഒന്‍പതാം തീയ്യതി വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പുതുക്കിയ കരട് വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,68,54,195 വോട്ടര്‍മാരാണുള്ളത്. 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,67,95,581 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്.

കരട് വോട്ടര്‍ പട്ടികയിലെ ചില സുപ്രധാന വിവരങ്ങള്‍ ഇങ്ങനെ

ആകെ വോട്ടര്‍മാര്‍ – 2,68,54,195

ആകെ സ്ത്രീ വോട്ടര്‍മാര്‍ -1,38,57,099

ആകെ പുരുഷ വോട്ടര്‍മാര്‍ – 1,29,96,828

ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍ – 268

കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല – മലപ്പുറം (32,25,175)

കുറവ് വോട്ടര്‍മാരുള്ള ജില്ല – വയനാട് (6,21,686)

കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല – മലപ്പുറം (16,11,524)

പുതുക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 25,177 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനുമുള്ള അവസരമാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവര്‍ക്കും 17 വയസ്സ് തികഞ്ഞവര്‍ക്ക് മുൻകൂറായും, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരവുമുണ്ട്.

voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ് ലൈൻ ആപ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. അവസാന പട്ടിക 2024 ജനുവരി അഞ്ചിന് പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *