സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. വിവിധ ജില്ലകളിലായി 200ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരാള്‍ പനി ബാധിച്ചും പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി ആരോഗ്യ വകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നാവായിക്കുളത്ത് ഒരാള്‍ക്ക് ചിക്കന്‍ഗുനിയ ബാധിച്ചതായും ആരോഗ്യ വകുപ്പ് വിശദമാക്കിയിട്ടുണ്ട്. ഞായറാഴ്ചത്തെ കണക്കുകള്‍ അടക്കമുള്ളതാണ് തിങ്കളാഴ്ചത്തെ പനിക്കണക്ക്. മലപ്പുറത്ത് മാത്രം തിങ്കളാഴ്ച 2804 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയിട്ടുള്ളത്. വിവിധ ജില്ലകളിലായി 317 പേരാണ് ഡെങ്കി പനി ബാധിതരായിട്ടുള്ളതെന്നാണ് കണക്ക്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതിനോടകം 2863 പേരാണ് ഡെങ്കി ബാധിച്ചത്. ഇതില്‍ 7 പേരാണ് മരിച്ചത്.

ഡെങ്കിപ്പനിക്ക് സമാനമായ വിവിധ പനികള്‍ ഈ വര്‍ഷം ജൂണ്‍ 20 വരെ ബാധിച്ചത് 7906 പേര്‍ക്കാണ്. ഇവരില്‍ 22 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രിയുടെ കണക്കുകള്‍ വിശദമാക്കുന്നു. 2013ലും 2017ലും ആണ് ഇതിനുമുമ്പ് കേരളത്തിൽ ഡെങ്കി ഔട്ട്ബ്രേക്ക് ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി വിശദമാക്കുന്നത്. പത്തനംതിട്ടയില്‍ ഇന്ന് രാവിലെ ഒരു പനിമരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാറ്‍ എന്ന 56കാരനാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *