സംസ്ഥാനത്ത് കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുക. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കൊടുംചൂട് പ്രവചിച്ചിരിക്കുന്നത്.
ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാസർകോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചിരുന്നു.
ദിനം പ്രതി സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ വളരെ എളുപ്പമാണ്.
കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻ ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.