സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണമെന്ന് മന്ത്രി പി രാജീവ്. കൂടാതെ പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിലാണ് പിഴ ഈടാക്കുക. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകുമെന്നും മന്ത്രി അറിയിച്ചു. പരാതി പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കുന്ന സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതിനും സംവിധാനം ഉപകാരപ്പെടും. സംരംഭക സൗഹൃദ കേരളമെന്ന സര്‍ക്കാര്‍ നയം നൂറുശതമാനം നടപ്പിലാകുന്നതിന് പരാതി പരിഹാര സംവിധാനം സഹായകമാകുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.