സംഭവിച്ചത് നോട്ടപ്പിശക്, ഒരു വരിപോലും കോപ്പിയില്ല: ചിന്താ ജെറോം

ഗവേഷണ പ്രബന്ധ വിവാദത്തിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം സാന്ദർഭികമായ പിഴവാണെന്നും ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും ചിന്ത ഇടുക്കിയിൽ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

‘സാന്ദർഭിക പിഴവാണുണ്ടായത്. മനുഷ്യ സഹജമായ തെറ്റ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. അതിന്റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിച്ചു. വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും ചിന്ത കൂട്ടിച്ചേർത്തു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി ഉൾപ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചു. ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സർവകലാശാല പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *