കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണു കോടതിയുടെ വിമർശനം. ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പിലാണു പൊലീസിന് വിമർശനം.
ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള അഞ്ചുപേർ കൊക്കെയ്ൻ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്‌ന്റെ ഘടകങ്ങൾ വേർതിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോൾ വനിതാ ഗസറ്റഡ് ഓഫിസർ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വിധി പകർപ്പിലുള്ളത്.
ഒന്നാം പ്രതിയായ മോഡലിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസിൽ തിരിച്ചടിയായിരുന്നു. ലഹരിവസ്തു വ്യക്തികളിൽനിന്നു പിടിച്ചെടുക്കുമ്പോൾ ഗസറ്റഡ് ഉദ്യോഗസ്ഥൻ സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാൽ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ് ഓഫിസറായിരുന്നു. അതുകൊണ്ടു തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനിൽക്കാൻ നിയമം അനുവദിക്കുന്നില്ല.
2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്‌ലാറ്റിൽനിന്ന് ഷൈനും നാലു മോഡലുകളും ലഹരിമരുന്ന് കേസിൽ പിടിയിലായത്. 2025 ഫെബ്രുവരി 11നു ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.