ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരായി, എത്തിയത് പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പേ; വിശദമായി ചോദ്യം ചെയ്യും

ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജരായി.

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നടൻ ഹാജരായത്. പത്ത് മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് നോട്ടീസ് നൽകിയിരുന്നു. സെൻട്രൽ എ.സി.പി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ഷൈനെ ചോദ്യം ചെയ്യുക.

ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. 32 ചോദ്യങ്ങൾ അടങ്ങിയ ചേദ്യാവലി പൊലീസ് തയാറാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗൺ നോ‍ര്‍ത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഷൈനിന്‍റെ പിതാവ് ചാക്കോക്ക് നോട്ടീസ് കൈമാറിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് അറിയിക്കുകയായിരുന്നുവെങ്കിലും 10 മണിക്ക് മുമ്പായി ഷൈൻ എത്തിച്ചേരുകയായിരുന്നു.

മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല.

മുറിയിൽ നിന്ന് ജനാല വഴി ചാടിയ ഷൈൻ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *