ഷാരോണിന്റെ മരണം; ജ്യൂസ് നൽകിയതിൽ ക്ഷമാപണം ചോദിച്ച് യുവതി

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണത്തിൽ പെൺ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ജ്യൂസ് നൽകിയത് യുവതി ചാറ്റിൽ സമ്മതിക്കുന്നു. ഛർദ്ദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങാൻ യുവതി ഷാരോണിനോട് ഉപദേശിക്കുന്നതും ചാറ്റിൽ വ്യക്തമാണ്. തീരെ വയ്യെന്ന് ചാറ്റിൽ ഷാരോൺ പറയുന്നുണ്ട്.

അതേസമയം യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് ശേഷമാണ് ഇങ്ങനെയെന്ന് ഷാരോണ്‍ പറഞ്ഞെന്നും ബന്ധുവായ യുവാവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *