താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോയെന്നതിൽ പരിശോധന. സംഭവത്തിൽ മുതിർന്ന ആളുകൾക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാൽ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളും വീടുകളിൽ നടത്തിയ റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികൾക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഇത് ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിലും കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
പ്രതികളായ അഞ്ചു വിദ്യാർത്ഥികളെ എസ്‌എസ്‌എൽസി പരീക്ഷയെഴുതിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വെള്ളിമാട് കുന്ന് ഒബ്‌സർവേഷൻ ഹോമിലെ പ്രത്യേക സെന്ററൊരുക്കിയായിരുന്നു പരീക്ഷ. ശക്തമായ പൊലീസ് കാവലിലായിരുന്നു പരീക്ഷ നടത്തിയത്. ഇവിടേക്ക് രാവിലെ ആറു മണിമുതൽ കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. മൂന്ന് വനിതകൾ ഉൾപ്പെടെ 85 പ്രതിഷേധക്കാരും അറസ്റ്റിലായി. പ്രതിഷേധക്കാരിൽ ചിലർ മതിൽ ചാടിക്കടന്ന് ജുവൈനൽ ഹോമിൽ കയറി. വ
ഒബ്സർവേഷൻ ഹോം കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് പ്രതിഷേധം നടത്തിയതിനും പ്രവർത്തകർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.