അമിത വേഗത്തിൽ വാഹനമോടിച്ചതിനോ മദ്യപിച്ച് വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സംസ്ഥാനത്ത് സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ സർക്കുലർ. ചുവപ്പു സിഗ്നൽ മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിരിക്കുക, അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.
സ്‌കൂൾ വാഹനം ഓടിക്കുന്നവർക്ക്, ഓടിക്കുന്ന വാഹനം ഏതാണോ ആ വാഹനം ഓടിച്ച് 10 വർഷത്തെ പരിചയം വേണം. സ്‌കൂൾ വാഹനം ഓടിക്കുന്നവർ വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റും തിരിച്ചറിയൽ കാർഡും ധരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർ കാക്കി യൂണിഫോം ധരിക്കണം. സ്‌കൂൾ വാഹനങ്ങളിൽ പരമാവധി വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തി സ്പീഡ് ഗവർണർ സ്ഥാപിക്കണം. വാഹനം എവിടെയാണെന്ന് തിരിച്ചറിയാനുള്ള ഉപകരണം സ്ഥാപിച്ച് സുരക്ഷാ മിത്ര സോഫ്റ്റുവെയറുമായി ബന്ധപ്പെടുത്തണം.
കുട്ടികളെ ബസിൽ നിർത്തി യാത്ര ചെയ്യിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, ബോർഡിങ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്തു വാഹനത്തിൽ പ്രദർശിപ്പിക്കണം. വെറ്റിലമുറുക്ക്, ലഹരി വസ്തുക്കൾ ചവയ്ക്കൽ, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്രൈവറായി നിയോഗിക്കരുതെന്നും നിർദേശമുണ്ട്.