വൈദ്യുതി ബസുകള്‍ നഷ്ടത്തിലാണെന്ന നിലപാട് ആവര്‍ത്തിച്ച് ഗണേഷ്‌കുമാര്‍

വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണെന്ന് നിലപാട് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മുടക്കുമുതലും ബാറ്ററി മാറ്റാനുള്ള ചെലവും പരിഗണിക്കുമ്പോള്‍ വൈദ്യുതി ബസുകള്‍ നഷ്ടത്തിലാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇ-ബസ് വിവാദത്തില്‍ സി.പി.എം. ഇടപെടലിനെത്തുടര്‍ന്ന് നിശ്ശബ്ദത പാലിച്ച മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് നിലപാട് ആവര്‍ത്തിച്ചത്.

ബസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ഉയര്‍ത്തിയിരുന്ന അവകാശവാദങ്ങള്‍ അപൂര്‍ണമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന സൂചന മറുപടിയിലുണ്ട്. മൂലധനച്ചെലവ് കണക്കാക്കാതെ ലാഭനഷ്ടം നിശ്ചയിക്കാനാകില്ല. ഏഴുവര്‍ഷം കഴിയുമ്പോള്‍ ബാറ്ററി മാറ്റേണ്ടിവരും. ഇക്കാര്യങ്ങള്‍ പരിഗണിച്ചുവേണം പ്രവര്‍ത്തനം വിലയിരുത്തേണ്ടതെന്ന് മന്ത്രി വ്യക്തമാക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന 110 ബസുകളില്‍ 50 എണ്ണം കിഫ്ബി വായ്പവഴി വാങ്ങിയതും 60 എണ്ണം സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ലഭിച്ചതുമാണ്. ഇതില്‍ കിഫ്ബി വായ്പയില്‍ രണ്ടുവര്‍ഷത്തിനുശേഷമേ തിരിച്ചടവ് തുടങ്ങുകയുള്ളൂ. വായ്പാ തിരിച്ചടവുകൂടി പരിഗണിക്കുമ്പോള്‍ പ്രവര്‍ത്തനലാഭം നഷ്ടത്തിന് വഴിമാറും. ബസ് ലാഭകരമാണെന്ന് അവകാശപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജുവും സി.എം.ഡി. ബിജു പ്രഭാകറും നേരത്തേ നല്‍കിയ കണക്കുകള്‍ മന്ത്രി ഗണേഷ്‌കുമാര്‍ തള്ളുന്നു.

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപെവച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ-ബസുകള്‍ വാങ്ങില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *