വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു. കോളേജിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ദീപികയെയാണ് ഹോസ്റ്റലില്‍ ഒപ്പംതാമസിക്കുന്ന ലോഹിത പൊള്ളലേല്‍പ്പിച്ചത്. മേയ് 18-ാം തീയതി വ്യാഴാഴ്ചയായിരുന്നു സംഭവം.

പൊള്ളലേറ്റ വിദ്യാര്‍ഥിനിയും ആക്രമണം നടത്തിയ പെണ്‍കുട്ടിയും ആന്ധ്രപ്രദേശ് സ്വദേശികളാണ്. വ്യാഴാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചെന്നുമാണ് വിവരം. പൊള്ളലേറ്റ ദീപിക സംഭവത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ട് ബന്ധുക്കള്‍ കോളേജിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജ് അധികൃതര്‍ തിരുവല്ലം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാലംഗസമിതിയെയും കോളേജ് അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാലാംവര്‍ഷ വിദ്യാര്‍ഥിനിയായ ലോഹിതയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്താലാണ് ലോഹിത ആക്രമണം നടത്തിയതെന്നാണ് സൂചന. ഇസ്തിരിപ്പെട്ടി കൊണ്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ പാത്രം ചൂടാക്കി അത് ശരീരത്തില്‍വെച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് പോലീസ് നല്‍കുന്നവിവരം. മാത്രമല്ല, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ദീപികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *