വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കുണ്ടമണ്‍കടവ് ശങ്കരന്‍ നായര്‍ റോഡിലെ വാടക വീട്ടില്‍ താമസിക്കുന്ന കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് മരിച്ചത്. ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. വിദ്യയെ ഇയാള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമയും ആയിരുന്നെന്നും ഇയാള്‍ മകളെ ഇതിനുമുന്‍പും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യയുടെ പിതാവ് ആരോപിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വയറിലും തലക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.

കുളിമുറിയില്‍ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പോലീസിനോട് പറഞ്ഞിരുന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ഐപിഎസ്, തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീകാന്ത്കാട്ടാക്കട ഡിവൈഎസ്പി ഷിബു എന്‍ എന്നിവര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദ്യയും തമ്മില്‍ വഴക്കുണ്ടായെന്നും വിദ്യയെ വയറ്റില്‍ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷിബു ടി.വി, സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഹാജരായി തെളിവുകള്‍ ശേഖരിച്ചു. കസ്റ്റഡിയിലായ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *