വിശ്വനാഥന്റെ മരണം; മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജില്‍ ഭാര്യയുടെ പ്രസവത്തിനായി എത്തിയപ്പോൾ മോഷണം നടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ചതിനു പിന്നാലെ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിര്‍ണായക നീക്കവുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ 450 പേരുടെ വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. ഈ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയുള്ള അന്വേഷണമാണ് നടക്കുന്നത്. വിശ്വനാഥനെ ത‍ടഞ്ഞുവച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇതു സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും.

കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനെ കഴിഞ്ഞ ചൊവ്വാഴ്ച പ്രസവത്തിനായി മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ബിന്ദു ആൺകുഞ്ഞിനു ജന്മം നൽകി. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ആശുപത്രി മുറ്റത്തു കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥൻ കാത്തുനിന്നത്. വ്യാഴാഴ്ച ഇവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ മോഷ്ടാവാണെന്നും ആരോപിച്ച് ചിലർ ബഹളം വച്ചു. ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ ഷർട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കുറ്റിക്കാടിനടുത്തു നിന്നാണ് ഷർട്ടും കണ്ടെടുത്തത്. ഷർട്ടിൽ ചെളി പുരണ്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് 140 രൂപയും കണ്ടെടുത്തു. ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്ത അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *