വിവാദങ്ങൾക്ക് ഇടയിൽ ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍; തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലും വഴിപാട്

വിവാദങ്ങള്‍ക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഞായറാഴ്ച്ച രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടും താലി, നെയ്‌വിളക്ക്, പുഷ്പാജ്ഞലി എന്നീ വഴിപാടുകളും നടത്തി.

ഇതിന് പിന്നാലെ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അവിടെയും വിവിധ വഴിപാടുകള്‍ നടത്തിയശേഷമാണ് മടങ്ങിയത്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ തന്നെ സുരക്ഷയ്ക്കായി ഒരുദ്യോഗസ്ഥന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം എ ആര്‍ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

ആര്‍എസ്എസ് ബന്ധം അടക്കം എംആര്‍ അജിത് കുമാര്‍ സര്‍വ്വീസില്‍ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ക്ഷേത്രദര്‍ശനം. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത് കുമാറിന്റെ കൂടിക്കാഴ്ച വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം. എ ജയകുമാറിന് പുറമേ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഹൊസബലെ ദത്താത്രേയയുമായായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *