വിഴിഞ്ഞം റെയിൽ തുരങ്ക പാതയുടെ നിർമ്മാണം; രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. കരയിലൂടെയുള്ള റെയിൽ പാതയ്ക്കായിരുന്നു നേരത്തെ അനുമതി. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്.

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് പാരിസ്ഥിതിക മന്ത്രാലയം തിരിച്ചയത്. സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാതയ്ക്ക് എതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ വരെയാണ് നിർദിഷ്ട തുരങ്ക പാത. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

തുടക്കത്തിൽ കരയിലൂടെയുള്ള റെയിൽപാതയ്ക്കാണ് അനുമതി തേടിയത്. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ജനം എതിർപ്പ് അറിയിച്ചതോടെയാണ് പാത ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *