വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്; മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം

വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയതിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യുഡിഎഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഹൈക്കോടതി ജംക്ഷനിൽ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതിന്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നൽകി ആഘോഷിച്ചു.

വിഴിഞ്ഞം പദ്ധതിക്ക് പിന്നിൽ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പുണ്ടെന്നാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത്. 2015ൽ വിഴിഞ്ഞം പദ്ധതി ദേശാഭിമാനിക്ക് കടൽക്കൊള്ളയായിരുന്നു. ഇന്നത് സ്വപ്ന പദ്ധതിയാണ്. ഓന്തിനെ പോലെ നിറം മാറുകയാണ് ഇവർ. പിണറായി സർക്കാർ ഉമ്മൻ ചാണ്ടിയുടെ പേര് പറയാതിരുന്നത് കൊണ്ട് ജനം അദ്ദേഹത്തിന്റെ സംഭാവനകൾ മറന്നു പോകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

വിഴിഞ്ഞം യാഥാർഥ്യമാക്കിയെന്ന് അവകാശപ്പെടുന്ന ഈ സർക്കാർ തുറമുഖവുമായി ബന്ധപ്പെട്ട റോഡ്, റെയിൽ വികസനത്തിന് എന്ത് ചെയ്തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയേറ്റിലേയ്ക്ക് പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *