വിദ്വേഷ പ്രചാരണം; ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്

ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസെടുത്ത് പൊലീസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനിൽ ആന്റണിക്കെതിരെ കേസെടുത്തത്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്ത കോളേജ് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തിയത്.

ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ അനിൽ ആന്റണിയുടെ കുറിപ്പ്. രൂക്ഷ വിമര്‍ശനമാണ് അനിലിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ ലഭിക്കുന്നത്. സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ വനിതാ കോളേജിലെ വിദ്യാർത്ഥിനികളാണ് വീഡിയോയിലുണ്ടായിരുന്നത്. കാസർകോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്ക്കര നഗറിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്ക് തർക്കമാണ് ദൃഷ്ടലാക്കോടെ അനില്‍ അടക്കം നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വ്യാപകമായി കേരളത്തിനെതിരെ പ്രചരിപ്പിച്ചത്.

വിദ്യാർത്ഥിനികൾ ഭൂരിഭാഗം പേരും പർദ്ദ ധരിച്ചവർ ആയത് കൊണ്ട് തന്നെ വർഗീയ ചുവയോടെയുള്ളതായിരുന്നു പ്രചാരണം. ഇത് ആദ്യമായല്ല വർഗീയ ചുവയുള്ള വ്യാജ വിവരം പങ്കുവച്ച് അനില്‍ എയറിലാവുന്നത്. സെപ്തംബറില്‍ കൊല്ലത്ത് സൈനികന്റെ പുറത്ത് പിഎഫ്ഐ എന്നെഴുതിയ സംഭവത്തിലും അനിലിന്റെ പ്രതികരണം തെറ്റിധരിപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നുവെന്നുമായിരുന്നു അനിലിന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *