വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ; അടുത്തമാസം 25ന് ഹാജരാകണം

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സിബിഐ സമൻസ് അയച്ചു. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സിബിഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നീക്കം. 

കേസിൽ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. 

മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകുകയായിരുന്നു. 

13ഉം, 9ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തൽ. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികൾക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തൽ. 

Leave a Reply

Your email address will not be published. Required fields are marked *