വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര; വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഒരു വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു.എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. വളാഞ്ചേരിയിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലേക്കാണ് വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ യാത്ര പോയത്. 10 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

ഭക്ഷ്യവിഷബാധയാണോ മറ്റെന്തെങ്കിലുമാണോ കാരണമെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെ വാട്ട‍ർ തീം പാർക്കിൽ നിന്നായിരുന്നുവെന്ന് സ്കൂൾ അധികൃത‍ര്‍ പറയുന്നു. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ നിന്ന് 225 വിദ്യാര്‍ഥികള്‍ പഠനയാത്ര പോയത്. അന്ന് വൈകീട്ടോടെ വിദ്യാ‍ത്ഥികള്‍ക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

 

Leave a Reply

Your email address will not be published. Required fields are marked *