വയാനാട് പുൽപ്പളളിയിലെ സംഘർഷം; അഞ്ച് പേർ കൂടി അറസ്റ്റിൽ

വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിൽ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുല്‍പ്പള്ളി സ്വദേശി സുരേഷ് കുമാർ, പാടിച്ചിറ സ്വദേശി സണ്ണി, പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ്, സീതാമൗണ്ട് പുതിയകുന്നേല്‍ വീട്ടില്‍ വിന്‍സന്‍റ് മാത്യു, പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത്, എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമവിരുദ്ധമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ വിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവരുടെ അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട് പുൽപ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാക്കം സ്വദേശി പോൾ കാട്ടാനയാക്രമണത്തിൽ മരിച്ചതിനെ തുടർന്നാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

പുല്‍പ്പള്ളിയിലെ സംഘര്‍ഷത്തിൽ കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 283,143,147,149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *