വയനാട് ഡി സി സി ട്രഷററർ എൻഎം വിജയന്റെ മരണം; പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി: 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകി

വയനാട് ഡി സി സി ട്രഷററർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വാക്കാൽ നിർദേശം നൽകി.

പ്രതികളുടെമ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചത്. കേസ് ഡയറി അടുത്ത ബുധനാഴ്ച ഹാജരാക്കാനും കോടതി പൊലീസിന് നിർദേശം നൽകി. പതിനഞ്ചാം തീയതിയായിരിക്കും വിശദമായ വാദം കേൾക്കൽ.

കേസിലെ ഒന്നാം പ്രതിയും സുൽത്താൻ ബത്തേരി എം എൽ എയുമായ ഐ സി ബാലകൃഷ്ണനും രണ്ടാം പ്രതിയും ഡി സി സി പ്രസിഡന്റുമായ എൻ ഡി അപ്പച്ചനുമാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എം എൽ എ ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹത്തിന്റെ വക്കീൽ പ്രതികരിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എൽ എയ്ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഡി സി സി മുൻ ട്രഷറർ കെ കെ ഗോപിനാഥ് ആണ് മൂന്നാം പ്രതി. അന്തരിച്ച മുൻ ഡി സി സി പ്രസിഡന്റ് പി വി ബാലചന്ദ്രനെ നാലാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *