വയനാട് ഉരുൾപൊട്ടൽ; മരണം 280 ആയി, ചൂരൽമലയിൽ ശക്തമായ മഴ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 280 ആ‌‌യി ഉയർന്നു. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. 234 പേരെ ആശുപത്രിയിലെത്തിച്ചു. 142 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന ഊർജിതമാക്കി. കോൺക്രീറ്റ് പാളികൾ പൊളിച്ച് ഇവിടങ്ങളിൽ ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഹിറ്റാച്ചികൾ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. എന്നാല്‍ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി തീർത്ത് പ്രദേശത്ത് മഴ ശക്തമായി. താൽകാലിക പാലത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ആളുകളെ കടത്തിവിടുന്നത് നിർത്തുകയും ചെയ്തു. മഴയെ തുടര്‍ന്ന് പുഞ്ചിരിമട്ടത്ത് തിരച്ചില്‍ നിര്‍ത്തി.

സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമ്മാണം പുരോ​ഗമിക്കുകയാണ്. ഇതിന്റെ നിർമ്മാണം ഇന്ന് തന്നെ പൂർത്തിയാകും. അതേസമയം പതിമൂന്നാം പാലത്തിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. വില്ലേജ് റോഡിലാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ഇവിടെ നിന്ന് അഞ്ച് മ‍ൃതദേഹമാണ് ലഭിച്ചത്. മരങ്ങൾ നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എംപി, പ്രിയങ്കാ ​ഗാന്ധി എന്നിവർ ഇന്ന് ചൂരൽ മല സന്ദർശിച്ച് സ്ഥിതി​ഗതികളും രക്ഷാപ്രവർത്തനവും വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *