വയനാട്ടിൽ വീണ്ടും വന്യജീവിയുടെ ആക്രമണം ; റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു

കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം.

കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *