വടകര കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ; ഈ മാസം 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പൊലീസിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പൊലീസ് അറിയിച്ചത്.

എന്നാല്‍, ഇന്ന് തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞ കോടതി പിന്നീട് അടുത്ത തിങ്കളാഴ്ച വരെ സാവകാശം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണം. നിലവില്‍ മെല്ലെപ്പോക്ക് തുടരുന്ന അന്വേഷണത്തിന് കോടതി കൂടി മേല്‍നോട്ടം വഹിക്കണമെന്ന പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ ഹര്‍ജിയില്‍ ഈ മാസം 29 തിന് വാദം തുടരും.

Leave a Reply

Your email address will not be published. Required fields are marked *