വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ‘കാസ’ സുപ്രീം കോടതിയിൽ

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യൻ സംഘടനയായ കാസ (CASA) സുപ്രീം കോടതിയെ സമീപിച്ചു. മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം വഖഫ് ഭേദഗതി നിയമം ഏറെ നിർണായകമെന്ന് കാണിച്ചാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്.

വഖഫ് നിയമത്തിന്റെ ദുരുപയോഗം സൂപ്രീം കോടതിയിൽ തുറന്നുകാട്ടാൻ തയ്യാറാണെന്നും കക്ഷി ചേരൽ അപേക്ഷയിൽ കാസ ചൂണ്ടിക്കാട്ടി.

കേരളത്തിൽനിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. മുസ്ലിംലീഗ് ഫയൽചെയ്ത ഹർജിയിൽ കക്ഷിചേരാനാണ് കാസ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ മുസ്ലിംലീഗിന്റെ ഹർജി സുപ്രീം കോടതി ഇനി പരിഗണിക്കുന്ന അഞ്ച് ഹർജികളിൽ ഇല്ല. എന്നിരുന്നാലും കക്ഷിചേരൽ അപേക്ഷ നിലനിൽക്കുമെന്നാണ് കാസയുടെ അഭിഭാഷകർ പറയുന്നത്.

കാസയുടെ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ ആണ് സുപ്രീം കോടതിയിൽ കക്ഷി ചേരൽ അപേക്ഷ നൽകിയത്. അഭിഭാഷകൻ ടോം ജോസഫാണ് അപേക്ഷ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *