വഖഫ് നിയമ ഭേദഗതി; ഹർജികൾ പുതിയ ബെഞ്ചിലേക്ക്

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നൽകാൻ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നൽകി.കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇപ്പോൾ മുസ്‌ലിം സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗും സുപ്രിംകോടതിയെ അറിയിച്ചു.സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇസ്‌ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കൽപ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തതെന്ന് സമസ്ത ആരോപിക്കുന്നു. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‌ലിം ലീഗ് സത്യവാങ്മൂലത്തിൽ പറയുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിൻറെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *