ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ലെന്ന് ബിനോയ് വിശ്വം

അടിസ്ഥാനപരമായി ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം. വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീ​ഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗ്ഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നു വെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏക സിവിൽ കോഡ് ബിൽ ചർച്ചക്ക് എടുത്തു കൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്നങ്ങൾക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

ലീ​ഗ് പ്രശംസയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിനോയ് വിശ്വം എടുക്കുന്നതെങ്കിലും എം വി ​ഗോവിന്ദന്റെ നിലപാടിൽ സിപിഐ നേതൃത്വത്തിൽ അതൃപ്തിയുണ്ട്. നടക്കുന്നത് അനാവശ്യ ചർച്ചകളാമെന്നും യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചു വാങ്ങിയത് പോലെയായി. യുഡിഎഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടത് എന്നും സിപിഐ നേതൃത്വം പറയുന്നു.  

മുസ്ലിം ലീ​ഗ് യുഡിഎഫ് മുന്നണി വിടുമോ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ നേരത്തേ എം വി ​ഗോവിന്ദനും ലീ​ഗ് വ‍ർ​ഗീയ പാർട്ടിയല്ലെന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാൽ മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെയാണ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചത്. എംവി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.  സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഇതിന് പിന്നാലെ കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് തന്റെ പ്രശംസ വിശദീകരിച്ച് എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. 

മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. കോൺഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിക്കുക കൂടി ചെയ്തു. 

ഇതിനെല്ലാം പുറമെ മുസ്ലിം ലീ​ഗ് മുഖപത്രമായ ചന്ദ്രികയിൽ ഇന്ന് പുറത്തുവന്ന ലേഖനത്തിൽ കോൺ​ഗ്രസിനെ പരസ്യമായി വിമർശിച്ചതും വിവാദമായിരിക്കുകയാണ്. കോൺ​ഗ്രസിലെ പടലപ്പിണക്കങ്ങളിൽ ലീ​ഗിനുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ് ഇതോടെ. നേതൃത്വം കോൺ​ഗ്രസിനെ തള്ളിപ്പറയുന്നില്ലെങ്കിലും  പരസ്പരം പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലുമെന്ന് ഗുജറാത്ത് വ്യക്തമാക്കുന്നതായും ചന്ദ്രികയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *