ലഹരി മരുന്ന് നല്‍കി, പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; പ്രതി പിടിയില്‍

താമരശ്ശേരിയില്‍ പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച്‌ ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.

കല്‍പ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്.

ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷമാണ് ചുരത്തില്‍ ഉപോക്ഷിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ജിനാഫെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

 വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതോടെ, കോളജ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാള്‍ തനിക്ക് ലഹരി മരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *