ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ കേരള ഗവൺമെന്റ് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെജിഎസ്എൻഎ) സംസ്ഥാന ജനറൽ സെക്രട്ടറി. മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) ആണ് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ച് പ്രതികളിലൊരാൾ.
നഴ്സിംഗ് വിദ്യാർത്ഥികളുടെ സിപിഎം അനുകൂല സംഘടനയാണ് കെജിഎസ്എൻഎ. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു രാഹുൽ രാജ്. കഴിഞ്ഞ സമ്മേളനത്തിലാണ് രാഹുലിനെ സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് സംബന്ധിച്ച് പോസ്റ്റ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
‘രാഹുൽ രാജ് കോമ്രേഡ്’ എന്നാണ് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്. സംഘനാപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഇയാൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടിയിരുന്നു.
അതേസമയം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല് ഹമീദ് പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ ഇരകളുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. കൂടുതൽ ഇരകളെ കണ്ട് ചോദ്യം ചെയ്യാനുള്ള നടപടി വ്യാഴാഴ്ച തന്നെ ആരംഭിക്കും.
രാഘവൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങളും ഇതുസംബന്ധിച്ച യുജിസിയുടെ ചട്ടവും പരിശോധിക്കും. വീഡിയോ ദൃശ്യം ഏത് ഫോണിലാണ് പകർത്തിയതെന്ന കാര്യത്തിലും ശാസ്ത്രീയമായ അന്വേഷണം നടക്കും. പ്രതികളായ അഞ്ചുപേരുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മദ്യപാനത്തിനായാണ് പണപ്പിരിവ് നടത്തിയതെന്നാണ് വിവരം. മറ്റു ലഹരി ഉപയോഗങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നഴ്സിംഗ് കോളേജിലെ റാഗിംഗിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുണ്ട്. സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ വിദ്യാർത്ഥി വേദനിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം.
ബോയ്സ് ഹോസ്റ്റലിൽ ഒന്നാംവർഷക്കാരായ ആറു പേരാണ് അതിക്രൂരമായ പീഡനം നേരിട്ടത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാൻഡ് ചെയ്തു. രാഹുൽ രാജിന് പുറമെ മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി ച്ചേരിപ്പടി റിജിൽജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.