രാഹുൽ മാങ്കൂട്ടത്തിൽ പദ്മജയെ തന്തയ്ക്ക് പിറക്കാത്തവൾ എന്ന് വിളിച്ചു; മറുപടി പറയേണ്ടത് കെ.മുരളീധരൻ എന്ന് സന്ദീപ് വാര്യർ

ബിജെപി ചേർന്ന പത്മജ വേണു​ഗോപാലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവൾ എന്നാണ് രാഹുൽ വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിതെന്ന് സന്ദീപ് ചോദിച്ചു. പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ, ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇതെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

തെരുവ് ഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പത്മജയെ അല്ല, തന്തക്ക് പിറക്കാത്തവൾ എന്ന് പത്മജയെ വിളിക്കുമ്പോൾ കരുണാകരന്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്. ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരന്റെതാണ്. പാർട്ടി വിട്ട സഹോദരിയെ അധിക്ഷേപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവശുദ്ധിയെ ആണ്.

സ്വന്തം അമ്മയെ ഒരു തെരുവു ഗുണ്ട അസഭ്യം വിളിക്കുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ മുരളീധരന് അമ്മയുടെയും അച്ഛന്റെയും ആത്മാവ് മാപ്പു കൊടുക്കില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. അതേസമയം, ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്, ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ ‘തന്തയ്ക്കു പിറന്ന മകൾ എന്നാണ് ‘. എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകും. പാർട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പത്മജയ്ക്ക് 2004ൽ, 1989 മുതൽ കോൺഗ്രസ് തുടർച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാർലമെന്റ്‌ സീറ്റ് നൽകി.

അവർ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതൽ കോൺഗ്രസ് ജയിച്ചു കൊണ്ടിരുന്ന തൃശൂർ നിയമസഭാ സീറ്റ് 2016ലും , 2021ലും കൊടുത്തപ്പോഴും അവർ ജയിച്ചില്ല. ഇതിനിടെയിൽ കെപിസിസി നിർവാഹക സമിതി അംഗം ആക്കി. കെപിസിസി ജനറൽ സെക്രെട്ടറിയാക്കി. ഒരു മാസം മുൻപ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി. അപ്പോൾ പരിഗണന കിട്ടാഞ്ഞിട്ടല്ല, ബിജെപി സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് പോയത്.ലീഡറുടെ മകൾ പോയാൽ പോകുന്നതല്ല ലീഡറുടെ പാരമ്പര്യമെന്നും രാഹുൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *